ന്യൂദല്‍ഹി: ശബരിമലയും മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയും തമ്മില്‍ ഇടകലര്‍ത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹാജി അലി ദര്‍ഗ്ഗയിലെ പ്രവേശനം സംബന്ധിച്ച് ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദര്‍ഗ്ഗയുടെ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹാജി അലി ദര്‍ഗ്ഗയുടെ പവിത്രമായ സ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പ്രവേശനാനുമതി നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ആഗസ്റ്റില്‍ ഉത്തരവിറക്കിയിരുന്നു. അതേസമയം ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവേശിക്കാമെന്ന് ട്രസ്റ്റ് കൗണ്‍സില്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ദര്‍ഗ്ഗയിലെ പവിത്രമായ സ്ഥലത്തിനു സമീപത്തായി പുരുഷന്മാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും എന്നാല്‍ സ്ത്രീകള്‍ നിശ്ചിത അകലം പാലിക്കണമെന്നു മാത്രമാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമലയില്‍ 10നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജിയുമായി ഈ സംഭവം ഇടകലര്‍ത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
10നും 50നും ഇടയിലുള്ള സ്ത്രീകളിലുണ്ടാകുന്ന ശാരീരിക പ്രത്യേകതകള്‍ മൂലമാണ് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാന്‍ കാരണമെന്ന് സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ ഹര്‍ജിയുടെ വിചാരണയില്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ ജൈവിക മാറ്റം വന്നിട്ടുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരാണെന്നാണ് വിശ്വാസമെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട്.
















