മുംബൈ: കോള്‍ സെന്റര്‍ വഴി അമേരിക്കക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ പണമെത്തിയത് ഹവാല വഴിയാണോയെന്ന് അന്വേഷിക്കും. താനെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
മഹാരാഷ്‌ട്ര, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള രജിസ്റ്റര്‍ ചെയ്യാത്ത കോള്‍സെന്റുകളിലെ ജീവനക്കാര്‍ അമേരിക്കക്കാരില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ക്ക് പണം എത്തിച്ചു നല്‍കുന്നത് എവിടെ നിന്നാണെന്നതു സംബന്ധിച്ചും അന്വേഷണമുണ്ട്. കൂടാതെ ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ 30 ശതമാനം അവിടുത്തെ ഏജന്റിന് നല്‍കുന്നതായും സംശയിക്കുന്നുണ്ട്.
കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ധനഞ്ജയ് മാലിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. അതിനിടെ പണം തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് (ഐആര്‍എസ്), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധ സംഘം മുംബൈയില്‍ എത്തുമെന്നും സൂചനയുണ്ട്.
യൂണിവേഴ്‌സല്‍ സര്‍വ്വീസസ്, ടെക് സൊല്യൂഷന്‍സ്, കാള്‍ ടോക്, ഐ സെര്‍വ് ബിപിഒ, ലോറെക്‌സ് ഇംപെക്‌സ് തുടങ്ങി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ വഴി പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍വിളികളിലൂടെ ഇവര്‍ ഈടാക്കുന്നു. 15,000 മുതല്‍ 70,000 വരെയാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരുന്ന പ്രതിമാസ വേതനം. പണം തട്ടിയെടുക്കുന്ന കോളര്‍മാര്‍ക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും കമ്പനി നല്‍കുന്നുണ്ട്.
















