ശ്രീനഗർ: ജമ്മുകാശ്മീരിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. സെയ്ദപുര സ്വദേശി ജുനൈദ് അഹമ്മദാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം വീട്ടിൽ കൊണ്ടുവന്നതിന് പിന്നാലെ നൂറോളം പേർ സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിനെതിരേയും മുദ്രാവാക്യം വിളിച്ചു. ജുനൈദ് പ്രകടനത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും വീടിന് മുന്നില്‍ നിന്നും കലഹം കാണുന്നതിനിടയിലായിരുന്നു വെടിയേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. ജുനൈദിന്റെ നെഞ്ചിലും തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് പിന്നാലെ കശ്മീരില്‍ തുടങ്ങിയിരിക്കുന്ന സംഘര്‍ഷം മൂന്ന് മാസം കഴിഞ്ഞിട്ടും പൂര്‍ണ്ണമായി അടങ്ങിയിട്ടില്ല. ജൂലൈയില്‍ തുടങ്ങിയ പ്രതിഷേധത്തില്‍ ഇതുവരെ 90 പേര്‍ മരിക്കുകയും 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
92 ദിവസമായി ഇവിടെ നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകള്‍, കോളേജുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
















