ജെയ്‌സാല്‍മര്‍: ഭാരത-പാക് അതിര്‍ത്തി 2018 ഡിസംബറോടെ പൂര്‍ണമായും അടയ്‌ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കമ്പിവേലി കെട്ടി അതിര്‍ത്തി അടയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും രാജ്‌നാഥ് വ്യക്തമാക്കി.
അതിര്‍ത്തി പങ്കുവയ്‌ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് എന്ന ആശയം കൊണ്ടു വരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഭാരത-പാക് അതിര്‍ത്തിയില്‍ ഒന്നും തന്നെ സംഭവിക്കില്ലെന്നും അതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും സൈന്യത്തിനൊപ്പം നിലകൊള്ളണമെന്നും രാജ്‌നാഥ് പറഞ്ഞു. ജമ്മു കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
ഭാരത-പാക് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന് ലഭ്യമായിട്ടുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിംഗ് ഈ മുഖ്യമന്ത്രിമാരുമായി പങ്കുവച്ചു.
പ്രതിരോധ സേനയ്‌ക്കും അതിര്‍ത്തി രക്ഷാ സേനയ്‌ക്കും സംസ്ഥാന പോലീസിനുമിടയില്‍ എകോപനം ശക്തമാക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.
















