ന്യൂദല്‍ഹി: വിവാദ നായിക ടീസ്റ്റ സെതല്‍വാദിന്റെ എന്‍ജിഒയ്‌ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ മുന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.
സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും എന്‍സിഇആര്‍ടിയുടെയും എതിര്‍പ്പ് മറികടന്ന് മാനവവിഭവശേഷി മന്ത്രാലയം മൂന്ന് കോടി രൂപ ടീസ്റ്റയുടെ സബ്‌രംഗ് ട്രസ്റ്റിന് നല്‍കിയത് സിബലിന്റെ സമ്മര്‍ദ്ദം കാരണമെന്നാണ് റിപ്പോര്‍ട്ട്.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേട് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം സ്മൃതി ഇറാനി മാനവവിഭവശേഷി മന്ത്രിയായിരിക്കെയാണ് സമിതിയെ നിയോഗിച്ചത്. പണം നല്‍കിയതിലെയും ചിലവഴിച്ചതിലെയും ക്രമക്കേടുകള്‍ അന്വേഷിക്കാനായിരുന്നു നിര്‍ദ്ദേശം.
മഹാരാഷ്‌ട്ര സര്‍ക്കാരും എന്‍സിഇആര്‍ടിയുും എതിര്‍ത്തിട്ടും പണം നല്‍കാന്‍ ഉദ്യോഗസ്ഥരുടെമേല്‍ സിബല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് 500 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടീസ്റ്റയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന റെയിസ് ഖാന്‍ പത്താന്‍ എന്നയാളാണ് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച സിബല്‍ നിയമപ്രപകാരം മാത്രമാണ് നടപടികള്‍ സ്വീകരിച്ചതെന്നും പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ടീസ്റ്റയുടെ മറുപടി. മാനദണ്ഡം ലംഘിച്ചതിനാല്‍ വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് സംഘടനയെ നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിരുന്നു.
















