ബിസാര: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ദാദ്രി കേസിലെ പ്രതികളിലൊരാളായ രവി ശിശോദയ(22)യുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇയാളെ പാര്‍പ്പിച്ചിരുന്ന ജയിലിലെ ജയിലര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരമായി തങ്ങള്‍ക്ക് ഒരു കോടി രൂപയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.
രവിയുടെ മൃതശരീരം ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി അതിനു മുകളില്‍ ഭാരത പതാക വിരിച്ചാണ് പ്രതിഷേധം. ഇതേതുടര്‍ന്ന് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാഞ്ജനയും പ്രഖ്യാപിച്ചിട്ടുണ്ട്.
രവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യു.പി സര്‍ക്കാര്‍ ഉത്തരവിട്ട രണ്ടു അന്വേഷണങ്ങളും അവര്‍ തള്ളി. ഒപ്പം രവിയുടെ ഭാര്യയ്‌ക്ക് പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വേണ്ടെന്നു വച്ചിട്ടുണ്ട്. ഒരു വര്‍ഷമായി രവി ജയിലിലായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വൃക്കക്കും ശ്വാസകോശത്തിനുമുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരുന്ന രവിയെ സെപ്റ്റംബര്‍ 30ന് ജയിലില്‍ വച്ച് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വിഷം നല്‍കിയെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പോലീസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. കടുത്ത പനിയുണ്ടായിരുന്ന രവി ഡെങ്കി മൂലമാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.
ദാദ്രിയില്‍ സംഭവത്തില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കേസുമായി ബന്ധപ്പെട്ട് പതിനെട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. അഖ്‌ലാഖിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.
















