കൊച്ചി: ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയില്‍ തനിക്കെതിരെ വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ട് വിശദമായി പരിഗണിച്ച് മേല്‍നോട്ടക്കുറിപ്പുകളാണ് താന്‍ നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ എന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥന് ഇതിനുള്ള നിയമപരമായ അധികാരമുണ്ട്. വസ്തുതാ റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്താനും കൂടുതല്‍ വ്യക്തത ആവശ്യമുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കാനുമാണ് മേല്‍നോട്ടക്കുറിപ്പ് നല്‍കുന്നത്. ഇതു നിയമവിരുദ്ധമാണെന്നു വന്നാല്‍ വിജിലന്‍സ് അന്വേഷണങ്ങളിലെ പിഴവുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാട്ടാനാവാത്ത സ്ഥിതി വരുമെന്നും ശങ്കര്‍ റെഡ്ഡി ആരോപിക്കുന്നു.
ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നിരിക്കെ കേസ് അട്ടിമറിച്ചുവെന്ന ആരോപണം കളവാണ്.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ താന്‍ ഡയറക്ടറായിരിക്കെ ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലുള്ള പകയാണ് അദ്ദേഹം തനിക്കെതിരെ കാട്ടുന്നതെന്നും ശങ്കര്‍റെഡ്ഢിയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരായ പരാതിയും ഇതിന്മേല്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണവും റദ്ദാക്കണമെന്നാണ് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
















