മട്ടാഞ്ചേരി: കപ്പല്‍ വഴി കാര്‍ ഇറക്കുമതിക്ക് പ്രോത്സാഹനമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 50 മുതല്‍ 80 ശതമാനം വരെ ഇളവുകള്‍ നല്‍കാനാണ് കേന്ദ്ര നിര്‍ദ്ദേശം. തമിഴ്‌നാട് എണ്ണൂര്‍, കൊച്ചി, കണ്ട്‌ല തുറമുഖങ്ങളുമായി ബന്ധപ്പെട്ടാണ് കാര്‍ കപ്പല്‍ സര്‍വ്വീസ് നടത്തുന്നത്.
പോണ്ടിച്ചേരി, കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളെയും ബന്ധപ്പെടുത്തി സര്‍വ്വീസ് വിപുലമാക്കാനും ആലോചിക്കുന്നതായി സര്‍വ്വീസ് ഏജന്‍സി ചൂണ്ടിക്കാട്ടി. കപ്പലിന്റെ എണ്ണം വര്‍ധിക്കുന്നതോടെ നിരക്ക്ഇളവിലൂടെയുള്ള നഷ്ടം ഇല്ലാതാകുമെന്നാണ് പോര്‍ട്ട് അധികൃതരും പറഞ്ഞു. ഇതിനിടെ കപ്പല്‍ വഴി കാര്‍ എത്തിക്കുന്നത്തിനെതിരെ പ്രതിഷേധവുമായെത്തിയ ലോറി ട്രക്ക് ഉടമകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. കാര്‍ നീക്കം തങ്ങളുടെ ബിസിനസിന് തിരിച്ചടിയാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധവുമായി കമ്പനികളില്‍ നിന്നുള്ള കാര്‍ നീക്കത്തില്‍ ഇവര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കപ്പല്‍മാര്‍ഗ്ഗം കാറുകള്‍ കൊച്ചിയിലിറക്കുന്നതില്‍ തൊഴിലവസരം വേണമെന്ന് ആവശ്യമുയര്‍ത്തി തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
















