നീലേശ്വരം: സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തിലായി. പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്ക് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവര്‍ത്തികളാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായത്. നേരത്തെ കടവിലുണ്ടായിരുന്ന കടത്തു തോണി കൂടി ഇല്ലാതായതോടെ മറുകരയിലെത്താനുള്ള ജനങ്ങളുടെ ദുരിതരമേറിയിരിക്കുകയാണ്. 1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്കു കഴിഞ്ഞ ജനുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2009ല്‍ പാലത്തിന്റെ ബോറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2010 ല്‍ 44 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. കാര്യങ്കോട് പുഴയില്‍ നിലവില്‍ ജലസേചനത്തിനോ കുടിവെള്ളത്തിനോ ആവശ്യമായ ജലസംഭരണിയില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഉപ്പുവെള്ളം കയറുന്നതു തടയാനാകും. കൂടാതെ ഇതുവഴി ലഭ്യമാകുന്ന ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഹൊസ്ദുര്‍ഗ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.
രണ്ടു വര്‍ഷം മുമ്പ് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നബാര്‍ഡിന്റെ അംഗീകാരത്തിനും ഫണ്ട് അനുവദിക്കുന്നതിനുമായി അയച്ചിരുന്നു. ഇതിന്റെ ഭാഗമായി നബാര്‍ഡ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ഡിസംബറില്‍ സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ജനുവരിയില്‍ ഭരണാനുമതി ലഭിച്ചത്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും. പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നതും പ്രത്യേകതയാണ്. എന്നാല്‍ സ്ഥലമുടമകളുടെ സമ്മതം ലഭിക്കാത്തതു പദ്ധതി നിര്‍വഹണത്തിന് തടസമായിരിക്കുകയാണ്. പാലായിയിലെ എട്ടു പേരും കയ്യൂര്‍ കൂക്കോട്ടെ നാലു പേരുമാണ് ഇനിയും സ്ഥലം വിട്ടു നല്‍കാത്തത്. പാലായിയിലെ ഒരാളൊഴികെയുള്ള 11 പേരും സ്ഥലം വിട്ടു നല്‍കാമെന്നു വാക്കാല്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആ സ്ഥലത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണു ഇവര്‍ ആവശ്യപ്പെടുന്നത്. പാലായിയിലെ ഒരു വ്യക്തി ഒരു കാരണവശാലും സ്ഥലം നല്‍കില്ലെന്ന നിലപാടിലാണ്. നിര്‍മാണ കമ്മറ്റി പ്രവര്‍ത്തകര്‍ പലതവണ ഇവരുമായി സംസാരിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെ ഒരു നാടിന്റെ സ്വപ്ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: