ന്യൂദല്‍ഹി: സൈനികരുടെ രക്തം വെച്ച് പ്രധാനമന്ത്രി രാഷ്‌ട്രീയം കളിക്കുന്നെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വിവാദമായി. കക്ഷി രാഷ്‌ട്രീയ വ്യത്യാസമില്ലാത്തെ നേതാക്കളും മുന്‍ സൈനികോദ്യോഗസ്ഥരും രാഹുലിനെ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ റോഡ് ഷോയുടെ ദല്‍ഹിയില്‍ നടന്ന സമാപന പരിപാടിയിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചത്.
രാജ്യത്തെ വിഭജിക്കാനാണ് മോദിയുടെ ശ്രമമെന്നും ജവാന്മാരുടെ ജീവത്യാഗത്തെ മോദി രാഷ്‌ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സൈനികരുടെ രക്തത്തിന് പിന്നിലൊളിക്കുകയാണ് മോദി. സൈന്യം അവരുടെ കടമ നന്നായി നിര്‍വഹിക്കുന്നുണ്ടെന്നും താങ്കള്‍ ഭരിച്ചാല്‍ മാത്രം മതിയെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വാക്കുകള്‍ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തു. ദേശീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത വാക്കുകളാണ് രാഹുല്‍ ഉപയോഗിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുലിന്റെ വാക്കുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
















