ആഗ്ര: വെണ്ണക്കല്ലിലെ ലോകാത്ഭുതം താജ്മഹലിന്റെ പ്രധാന മിനാര(മകുടം) ത്തിന് മണ്ണു ചികിത്‌സ. മാര്‍ബിള്‍ പ്രതലങ്ങളിലെ അഴുക്കും എണ്ണയും കലര്‍ന്ന മഞ്ഞനിറം മാറ്റി വെളുപ്പിക്കാനാണ് ഒരു വര്‍ഷം നീളുന്ന ഈ ‘മഡ് തെറാപ്പി’.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഒാഫ് ഇന്ത്യയുടെ ശാസ്ത്ര വിഭാഗമാണ് തെറാപ്പിക്ക് മേല്‍നോട്ടം നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ സ്മാരക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണിത്.
മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുപയോഗിക്കുന്ന ‘മുള്‍ത്താനി മിട്ടി’യാണ് താജ്മഹലിലും തേച്ചുപിടിപ്പിക്കുന്നത്. മാര്‍ബിളില്‍ ഇത് പതിപ്പിച്ച് പോളിത്തീന്‍ ഷീറ്റു കൊണ്ട് മൂടിയിടും. രണ്ടുനാള്‍ കഴിഞ്ഞ് അടര്‍ത്തി മാറ്റും. പിന്നെ ശുദ്ധജലത്തില്‍ കഴുകിയെടുക്കും. വെണ്ണക്കല്ലുകള്‍ അതോടെ വെട്ടിത്തിളങ്ങും.
തൊഴിലാളികളുടെ സൗകര്യത്തിനായി മിനാരത്തിനു ചുറ്റും പടുത്തുയര്‍ത്തിയിട്ടുള്ള ഇരുമ്പു തൂണുകള്‍ കുറച്ചു നാള്‍ വിനോദസഞ്ചാരികള്‍ക്ക് തലവേദനയാകും. പ്രത്യേകിച്ചും താജ്മഹലിന്റെ പശ്ചാത്തലത്തില്‍ പടമെടുക്കാനെത്തുന്നവര്‍ക്ക്.
















