ആലുവ: യാത്രക്കാരുടെ തിരക്കേറിയ ആലുവ ബാങ്ക് കവലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആഢംബര വിശ്രമകേന്ദ്രം നോക്കുകുത്തിയായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. ബസുകള്‍ നിര്‍ത്തുന്ന സ്ഥലവും വിശ്രമകേന്ദ്രവും തമ്മിലുള്ള അകലമാണ് ഉപയോഗശൂന്യമാകാന്‍ കാരണം.
ബസ് സ്‌റ്റോപ്പ് കേവലം 20 മീറ്റര്‍ മാത്രം മുന്നോട്ട് നീക്കിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രഥമാകും വിശ്രമ കേന്ദ്രം. എന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എംഎല്‍എയുടെ സ്‌പെഷ്യല്‍ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു. ഫണ്ട് അനുവദിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എ തന്നെ വീണ്ടും ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നില്ല.
അതിനാല്‍ ബസ് സ്‌റ്റോപ്പ് പഴയ സ്ഥലത്ത് തന്നെ തുടര്‍ന്നു. വെയിലും മഴയുമേറ്റും കടത്തിണ്ണകളിലുമായി യാത്രക്കാര്‍ ഇപ്പോഴും ബസ് കാത്തുനില്‍ക്കുകയാണ്.
















