ആലപ്പുഴ: നിയമം ലംഘിച്ചു റോഡിലൂടെ പായുന്നവരെ പിടികൂടാന്‍ പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനവും. നിരപ്പുള്ള റോഡില്‍ ഒന്നര കിലോമീറ്റര്‍ വരെ കാഴ്ചശക്തിയുള്ള ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി നിരത്തു കാവലിനിറങ്ങുന്ന ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ ഫഌഗ് ഓഫ് ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ നിര്‍വഹിച്ചു.
ലേസര്‍ റഡാര്‍ സംവിധാനമുള്‍പ്പെടെ 25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണു വാഹനത്തിലുള്ളത്. അമിതവേഗം, മദ്യപിച്ചു വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയ നിരത്തിലെ നിയമലംഘനങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചു തെളിവു സഹിതം പിടികൂടാം. ഒന്നര കിലോമീറ്റര്‍ അകലെ തന്നെ അമിത വേഗത്തിലുള്ള ഓവര്‍ടേക്കിങ് ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും രേഖപ്പെടുത്താനും സംവിധാനമുണ്ട്.
ആലപ്പുഴ ഡെപ്പ്യൂട്ടി പോലീസ് സുപ്രണ്ട് എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ വണ്‍വേ തെറ്റിക്കുന്നവരെയും പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്യുന്നവരെയും, ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വരുന്നവരെയും പരിശോധിക്കാന്‍ മുല്ലയ്‌ക്കല്‍ തെരുവിലും നഗരത്തിലും രഹസ്യ ക്യാമറകളുമായി പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
















