ന്യൂദല്‍ഹി: 2014 ഫെബ്രുവരിയില്‍ ചെന്നൈ ശാസ്ത്ര സര്‍വകലാശാലയില്‍ ഭാരതത്തിലെ ഭീകരവാദം എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം അജിത് ദോവല്‍ അവസാനിപ്പിച്ചത് പാക്കിസ്ഥാനുള്ള മുന്നറിയിപ്പോടു കൂടിയായിരുന്നു”ഇനിയൊരു മുംബൈ (2008ലെ മുംബൈ ഭീകരാക്രമണം) ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ബലൂചിസ്ഥാന്‍ നഷ്ടപ്പെടും”. ശത്രുവിനെ അവരുടെ പാളയത്തിലെത്തി ആക്രമിച്ച ഭാരത സൈന്യത്തിന്റെ വീരഗാഥയോടൊപ്പം ദോവലും വാര്‍ത്തകളില്‍ നിറയുകയാണ്.
പ്രതിരോധത്തിലൂന്നിയ ഭാരതത്തിന്റെ നയതന്ത്രം രണോത്സുകമാക്കാന്‍ മോദിയുടെ നിഴലായി മാറിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ദോവലാണ്. ഉറിക്ക് ഉചിതമായ മറുപടി നല്‍കാന്‍ തീരുമാനിച്ച പ്രധാനമന്ത്രി ദോവലിനെയാണ് ദൗത്യമേല്‍പ്പിച്ചത്. പാക് ഭീകരക്യാമ്പിലെ നാല് മണിക്കൂര്‍ സംഹാരം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നു. പ്രതിരോധം ഒരിക്കലും വിജയം തരില്ലെന്നാണ് ദോവലിന്റെ തിയറി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രത്യേക താത്പര്യമെടുത്താണ് ദോവലിനെ മോദി നിയമിച്ചത്. രാജ്യം പ്രതിസന്ധിയില്‍ നിന്ന് കരകയറിയപ്പോഴും നയതന്ത്രനീക്കങ്ങള്‍ ലോകത്തെ അമ്പരപ്പിച്ചപ്പോഴും മോദിയോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും ഈ പേര് ഉയര്‍ന്നിരുന്നു. മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഭീകരരെ ചുട്ടെരിക്കാന്‍ നേതൃത്വം നല്‍കിയത് ദോവലായിരുന്നു. അടുത്തിടെ വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരവാദികളെ ഒത്തുതീര്‍പ്പിലെത്തിച്ചത് ദോവലിന്റെ നീക്കങ്ങളാണ്.
ഇറാക്കില്‍ ഐഎസ് ഭീകരര്‍ തടവിലാക്കിയ മലയാളി നഴ്‌സുമാരെ സുരക്ഷിതരായി എത്തിച്ച മാലാഖയായും ദോവല്‍ പ്രത്യക്ഷപ്പെട്ടു. ഒരു പോറലുമേല്‍ക്കാതെ നഴ്‌സുമാരെ തിരിച്ചെത്തിച്ചത് എന്ത് തന്ത്രമാണെന്ന് ഇപ്പോഴും തലപുകക്കുകയാണ് പ്രതിരോധവിദഗ്ധര്‍. പാക്കിസ്ഥാനുമായുള്ള ബലാബലത്തില്‍ ബലൂചിസ്ഥാന്‍ ഭാരതത്തിന്റെ ആയുധമായി മാറിയതും ദോവലിന്റെ വരവോടുകൂടിയാണ്. യുപിഎ സര്‍ക്കാര്‍ ബലൂചിസ്ഥാനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ലാത്ത കാലത്താണ് ദോവല്‍ വിഷയം ഉന്നയിച്ചത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന രീതി.
ആരാധകര്‍ക്ക് ജെയിംസ് ബോണ്ടെങ്കില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ദോവല്‍ ഐഎസ്‌ഐ സ്‌പെഷ്യലിസ്റ്റാണ്. 1968ല്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ദോവല്‍ 2005ല്‍ ഐബി ഡയറക്ടറായാണ് വിരമിച്ചത്. 33 വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജീവശ്വാസമായി. ഏഴ് വര്‍ഷം പാക്കിസ്ഥാനിലെ ഭാരതത്തിന്റെ ചാരന്‍. മുസ്ലിം വേഷത്തിലായിരുന്നു അവിടെ പ്രവര്‍ത്തനം. ആറ് വര്‍ഷം പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. പാക്കിസ്ഥാനെ നന്നായി അറിയുന്ന ദോവലിന്റെ നിലപാടുകളാണ് ഭാരതത്തിന്റെ നീക്കത്തിന് കരുത്ത് പകരുന്നത്.
ഹോളിവുഡ് സിനികളെ വെല്ലുന്നതാണ് ‘സൂപ്പര്‍ സ്‌പൈ’ ദോവലിന്റെ ചാരപ്രവര്‍ത്തനം. സുവര്‍ണക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കിടയിലേക്ക് അവരുടെ ആളായി കടന്നുകൂടി സൈന്യത്തെ ലക്ഷ്യത്തിലെത്തിച്ചു. ഭീകരര്‍ക്ക് സഹായം ചെയതിരുന്ന പാക് ചാരനെ പിടികൂടി പകരം ചാരനായാണ് ദോവല്‍ ക്ഷേത്രത്തില്‍ കയറിയത്. പഞ്ചാബ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധിയെ രക്തം പൊടിയാതെ തിരിച്ചെത്തിക്കാനും ദോവലിന് സാധിച്ചു. കാണ്ടഹാര്‍ വിമാനം റാഞ്ചിയ ഭീകരരുമായി വിലപേശാന്‍ സര്‍ക്കാര്‍ ദോവലിനെ ആശ്രയിച്ചു. 41 ഭീകരരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. ഇത് മൂന്നാക്കി കുറക്കാന്‍ ദോവലിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. മിസോറാം നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറി ആക്രമണം സംഘടിപ്പിച്ച് ബുദ്ധികേന്ദ്രങ്ങളെ ഞെട്ടിച്ചു. കേരളത്തില്‍ തലശ്ശേരി കലാപം നിയന്ത്രിക്കാനും ദോവലുണ്ടായി. പാക്കിസ്ഥാനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ പുറകെയാണ് ഭാരതത്തിന്റെ ജെയിംസ് ബോണ്ട് ഇപ്പോള്‍.
















