കൊച്ചി: ജില്ലയില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയായ 73 വില്ലേജ് ഓഫീസുകളില്‍ അടുത്തജനുവരി മുതല്‍ പോക്കുവരവ് പൂര്‍ണമായും ഓണ്‍ലൈനില്‍ ആക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ഇക്കാര്യത്തില്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മൊത്തം 127 വില്ലേജ് ഓഫീസുകളാണുള്ളത്. സര്‍വെ പൂര്‍ത്തിയായ ഈ വില്ലേജുകളില്‍ തണ്ടപ്പേരിന്റെ കാര്യത്തിലും ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച ജോലികളുടെ പൂര്‍ണ ഉത്തരവാദിത്വം അതതു തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. നടപടികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ഓരോ താലൂക്കിലും ഒരു ഐടി നോഡല്‍ ഓഫീസറെ കണ്ടെത്തി നിയമിക്കാം. അക്ഷയയുടെയും സബ് രജിസ്ട്രാര്‍ ഓഫീസുകളുടെയും സഹകരണത്തോടെയായിരിക്കണം പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഇതു സംബന്ധിച്ച റോഡ്മാപ്പ് തഹസില്‍ദാര്‍മാര്‍ തയാറാക്കണം.
















