ബെംഗളൂരു: സാമൂഹ്യപരിഷ്‌കര്‍ത്താവായ ബസവേശ്വരന്റെ ജന്മദിനത്തില്‍ എല്ലാ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളും അധികസമയം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന് ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ദേശീയ പ്രവര്‍ത്തക സമിതിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കര്‍ണാടക, മഹാരാഷ്‌ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബസവേശ്വര ജയന്തി പൊതു അവധിയാണെങ്കിലും രാജ്യവ്യാപകമായി അധിക പ്രവൃത്തി സമയത്തിന് നടപടിയുണ്ടായാല്‍ അവധി വേണ്ടെന്ന് വയ്‌ക്കാന്‍ തയ്യാറാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബസവേശ്വരന്റെ പ്രതിമ രാജ്യത്തെ എല്ലാ നിയമസഭാ മന്ദിരങ്ങള്‍ക്ക് മുമ്പിലും സ്ഥാപിക്കണം.
കര്‍ണാടകത്തില്‍ ശ്രീനാരായണഗുരു പഠന കേന്ദ്രം ആരംഭിക്കുന്നതുപോലെ കേരളത്തില്‍ ബസവേശ്വര പഠനകേന്ദ്രം ആരംഭിക്കണം.
‘വീരശൈവ ലിംഗായത്ത്’ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ അടിയന്തര നടപടിയെടുക്കണം, യോഗം ആവശ്യപ്പെട്ടു.ബെംഗളൂരു വീരശൈവ ലിംഗായത്ത് ഭവനില്‍ ഹനഗല്‍ കുമാരസ്വാമി ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ മുന്‍ മന്ത്രി ഡോ. ഷാമന്നൂര്‍ ശിവശങ്കരപ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ കര്‍ണാടക മന്ത്രി ഈശ്വര്‍ ഖണ്‍ട്രെ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.
കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ടി. പി. കുഞ്ഞുമോന്‍, ജനറല്‍ സെക്രട്ടറി കെ. വി. ശിവന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ഇ. എ. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
















