ബെംഗളൂരു: വിജയബാങ്ക് ബെംഗളൂരു എച്ച്എഎല്‍ ശാഖയിലെ 1.81 കോടിരൂപയുടെ തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് 5 വര്‍ഷം കഠിന തടവ് . വ്യാജരേഖ ചമച്ചതിനുള്‍പ്പെടെയാണ് പ്രതികള്‍ക്ക് പ്രത്യേക സിബിഐ കോടതി ജഡ്ജി അശ്വത നാരായണന്‍ വിധിച്ചത്.
സീനിയര്‍ മാനേജര്‍ എച്ച്. ഡി. ദിനകര്‍ ഷെട്ടി, അസിസ്റ്റന്റ് മാനേജര്‍ കെ. രത്‌നാകര്‍ ഷെട്ടി, അസിസ്റ്റന്റ് മാനേജര്‍ പി. എന്‍. ശിവമൂര്‍ത്തി എന്നീ ബാങ്ക് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തുന്നതിനുവേണ്ട ഒത്താശകള്‍ ചെയ്തതായും വിചാരണയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഓരോരുത്തരം അഞ്ചുലക്ഷം രൂപ വീതം പിഴയൊടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
വഞ്ചന, പണം തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. വിജയബാങ്ക് ബെംഗളൂരു എച്ച്എഎല്‍ ശാഖയില്‍ എസ്‌സിടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജീവനക്കാരെന്ന പേരില്‍ 21 എസ്ബി അക്കൗണ്ടുകള്‍ ആരംഭിച്ച്, ഭവനവായ്‌പയെടുത്ത് പണംതട്ടിയതായാണ് കേസ്.
ബാങ്ക് മുന്‍ ഉദ്യോഗസ്ഥര്‍ പണം തട്ടിപ്പിന് കൂട്ടുനിന്നതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. എസ്‌സിടി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് ചെയര്‍മാന്‍ കെ. സുബ്രഹ്മണ്യ, സഹോദരന്മാരായ കെ. എ. ബദരിനാരായണന്‍, കെ. എ. അശ്വതാനന്ദ നാരായണ, ഭാര്യ ബി. എസ്. കനകലക്ഷ്മി, എം. വി. ശേഷാദ്രി, ലക്ഷ്മി വെങ്കടേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍.
















