ന്യൂദല്‍ഹി: പാക്ക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കുന്നതിനിടെ എട്ട് ഭാരത സൈനികരെ വധിച്ചുവെന്നവകാശപ്പെട്ട് പാക്ക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം.
ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതും കൃത്രിമവുമാണെന്ന് ഭാരത സൈന്യം വ്യക്തമാക്കി. ആക്രമണത്തിനിടെ ആളപായമുണ്ടായിട്ടില്ല. ഒരു സൈനികന് നിസാര പരിക്കേല്‍ക്കുക മാത്രമാണുണ്ടായത്.
പാക്ക് കസ്റ്റഡിയിലുള്ള സൈനികനെ ആക്രമണത്തിനിടെയല്ല പിടികൂടിയത്. അശ്രദ്ധമായി നിയന്ത്രണരേഖ കടന്നപ്പോഴാണ് പിടിയിലായത്. സൈന്യം പറഞ്ഞു. ഭാരത സൈനികരെ കൊലപ്പെടുത്തിയതെന്ന അവകാശവാദത്തോടെ പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
സൈനികരുടെ ബലിദാനം അംഗീകരിക്കാതെ അപമാനിക്കുന്നവരല്ല തങ്ങളെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ആളപായമുണ്ടായിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ തയ്യാറാണ്. അങ്ങനെ ചെയ്യാത്തത് പാക്കിസ്ഥാനാണ്.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. പിന്നീട് ഭാരതം തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
















