ന്യൂദല്‍ഹി: കശ്മീരിലെ അഖ്നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്‌പ്. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞദിവസം നിയന്ത്രണ രേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങള്‍ ഭാരത സൈന്യം തകര്‍ത്തതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകളും തുറന്നു.
മിന്നലാക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞദിവസം രാത്രി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഭാരതവും പക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
















