ന്യൂദൽഹി: ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. 35കാരനായ രാജ് കിഷോർ സിങാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആർമി റിസർച്ച് ആൻഡ് റെഫെറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ഉറി ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം 19 ആയി.
മരിച്ച കിഷോർ ബിഹാറിലെ ബോജ്പുർ ജില്ലയിലെ പിപാർപതി സ്വദേശിയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കിഷോറിന്റെ കുടുംബം. സൈനികൻ മരിച്ച വിവരം രാവിലെ തന്നെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
















