പെരുമ്പാവൂര്‍: മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷിനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. വല്ലം കൊച്ചങ്ങാടി അജ്മല്‍ (36) ആണ് അറസ്റ്റിലായത്. രേണു സുരേഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പ്രതിയുടെ സഹോദരി സഞ്ചരിച്ച കാര്‍ മുട്ടിയതാണ് സംഭവത്തിന് കാരണം. ഈ പ്രശ്‌നം നഗരസഭ കൗണ്‍സിലറുടെ മദ്ധ്യസ്ഥതയില്‍ പറഞ്ഞ് തീര്‍ത്ത് ഇരുകൂട്ടരും പിരിയുകയും ചെയ്തു. പിന്നീടാണ് രേണു സുരേഷിനെയും കുടുംബത്തെയും അജ്മല്‍ കൂട്ടാളികളുമായെത്തി ഉപദ്രവിച്ചത്. സുരേഷിന് ആക്രമത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റു. രേണുസുരേഷിനേയും ആക്രമിസംഘം ഉപദ്രവിച്ചു. ഇവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അജ്മല്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.
















