പാട്‌ന: ബിഹാര്‍ കൂടി ഏറ്റെടുക്കാമെങ്കില്‍ ഒരു പാക്കേജ് എന്ന നിലയില്‍ കശ്മീര്‍ പാക്കിസ്ഥാന് നല്‍കാമെന്ന വിവാദ പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ജെഡിയു എംഎല്‍സി നീരജ് കുമാര്‍ പാട്‌ന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്, ഫെയ്‌സ്ബുക്കിലാണ് കട്ജു വിവാദ പരാമര്‍ശം നടത്തിയത്.
കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹം ബിഹാറിന്റെ രക്ഷാധികാരി ചമയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിന്റെ രക്ഷാധികാരിയല്ല, ശകുനി മാമനാണെന്ന് പരിഹസിച്ചുകൊണ്ടാണ് കടുജു ഇതിന് മറുപടി നല്‍കിയത്. തനിക്കെതിരെ പരാതി ഐക്യരാഷ്‌ട്രസഭക്ക് നല്‍കുവാനും പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെ ആവശ്യമില്ലെന്നും ഭാരത നിയമങ്ങള്‍ മാത്രം മതിയെന്നും പാട്‌ന ജയിലില്‍ പോകുവാന്‍ തയ്യാറായിക്കൊള്ളുവാനും നിരജ് കുമാര്‍ പറഞ്ഞു. പാട്‌ന ഹൈക്കോടതി അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കട്ജുവിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്.
















