മാവേലിക്കര: തലശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ കര്‍ണ്ണാടക മൈസൂര്‍ സ്വദേശിനി രാധ(26)യുടെ മൃതദേഹം തഴക്കരയില്‍ സംസ്‌കരിച്ചു. സംസ്‌കരിക്കാന്‍ ഇടമില്ലാതെ നിസ്സഹായരായ നാടോടികള്‍ക്ക് തഴക്കര ഗ്രാമപഞ്ചായത്ത് സൗകര്യം നല്‍കി. മാവേലിക്കര എസ്‌ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും മാതൃകാപരമായി.
തഴക്കര ഗ്രാമപഞ്ചായത്തിലെ കല്ലിമേല്‍ വാര്‍ഡിലുള്ള പൊതു ശ്മശാനത്തില്‍ ഇന്നലെ മൂന്നിനായിരുന്നു സംസ്‌കാരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബന്ധുക്കളുടെ ദയനീയത തിരിച്ചറിഞ്ഞ് തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാസോമന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ക്രമീകരിച്ച് രാധയുടെ മൃതദേഹം തഴക്കരയില്‍ എത്തിക്കുകയായിരുന്നു.
















