ആലപ്പുഴ: സമ്പൂര്‍ണ്ണ ശൗചാലയ നിര്‍മ്മാണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ബിജെപി ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയെ സമ്പൂര്‍ണ്ണ വിസര്‍ജ്ജന വെളിയിട വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി വിവിധ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതി പൂര്‍ത്തീകരണം നടത്തിയതായി അവകാശപ്പെട്ട് ഒഡിഎഫ് പഞ്ചായത്തുകളായി പ്രഖ്യാപിക്കുകയാണ്. എന്നാല്‍ ഈ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വിസര്‍ജ്ജന കേന്ദ്രങ്ങളായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്ന പ്രക്രിയയും അട്ടിമറിച്ചു.
പൊതുജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തുകളൊന്നും തയ്യാറായിട്ടില്ല. വീടിനോട് ചേര്‍ന്ന് ശൗചാലയങ്ങള്‍ ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ ശൗചാലയ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിവിശേഷമുണ്ടാകും.
അതിനാല്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ശൗചാലയനിര്‍മ്മാണത്തിനുള്ള സഹായം ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു.
















