മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനായി വായാന്തോട്, പാറപ്പൊയിലില്‍ അധികൃതര്‍ സര്‍വ്വേ നടത്തി. വിമാനത്താവളത്തിന്റെ റണ്‍വേയുടെ ലൈറ്റ് അപ്രോച്ചിന് വേണ്ടിയാണ് സര്‍വ്വേ നടത്തിയത്. നേരത്തെ സര്‍വ്വേ നടത്തിയിരുന്നെങ്കിലും ഇന്നലെ കിന്‍ഫ്ര, കിയാല്‍ സ്‌പെഷല്‍ തഹസീല്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും സര്‍വ്വേ നടത്തുകയായിരുന്നു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ലൈറ്റ് അപ്രോച്ചിന് വേണ്ടി 900 മീറ്റര്‍ നീളത്തിലും 73 മീറ്റര്‍ വീതിയിലുമാണ് സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ പെടുന്ന വീടുകളില്‍ ചിലത് സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടും. അധികൃതര്‍ ഇത്തരം വീടുകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുകയില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ബഹളം വെച്ചത്. അധികൃതരുമായി സംസാരിച്ചതിനെ തടുര്‍ന്ന് വീടുകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
















