ഹരിപ്പാട്: ബൈക്കില്‍ പോവുകയായിരുന്ന ബിഎംഎസ് നേതാവിന്റെ കണ്ണില്‍ മുളകുപൊടി ചിതറിയശേഷം രണ്ടംഗ ഗുണ്ടാ സംഘം മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ഹരിപ്പാട് മേഖല സെക്രട്ടറി നങ്ങ്യാര്‍കുളങ്ങര ചാലില്‍കിഴക്കതില്‍ പുത്തന്‍കണ്ടത്തില്‍ എം. സന്തോഷിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രിയില്‍ 9.45 മണിയോടുകൂടി നങ്ങ്യാര്‍കുളങ്ങര ബഥനി സ്‌ക്കൂളിന് വടക്കുഭാഗത്ത് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കാത്തുനിന്ന് ആക്രമിച്ചത്.
കമ്പിവടികൊണ്ട് കൈയില്‍ അടിയേറ്റ സന്തോഷ് ബൈക്കില്‍ നിന്നും നിലത്തു വീണപ്പോള്‍ മുഖംമൂടി ധരിച്ച രണ്ടംഗസംഘം കയ്യിലുണ്ടായിരുന്ന മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം മുളകുപൊടി തലയിലും കണ്ണിലും വിതറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപെട്ടു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സന്തോഷിനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാള്‍ പാന്റുംഷര്‍ട്ടും ധരിച്ചും മറ്റേയാള്‍ വെള്ളമുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് സന്തോഷ് പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി കന്നിലേത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തില്‍ ഒന്‍പത് ബിഎംഎസ് തൊഴിലാളികള്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം ചെയ്തുവരികയായിരുന്നു. ഇവരുടെ സമരത്തിന് നേതൃത്വം നല്‍കിയത് സന്തോഷായിരുന്നു. ഇതിന്റെ വിരോധമാകാം ഗുണ്ടകളെ വിട്ട് അക്രമിച്ചതിനു പിന്നിലെന്നാണ് സൂചന.
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്തെ ടാക്‌സി ഡ്രൈവറാണ് സന്തോഷ്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
















