ഇസ്ലാമാബാദ്: നദീജല കരാര്‍ റദ്ദാക്കിയാല്‍ ഭാരതവുമായി യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി. അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ച് ഭാരതത്തിന് നദീജല കരാറില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള നദീജല കരാറുകള്‍ പുനഃപരിശോധിക്കാനുള്ള ഭാരതത്തിന്റെ തീരുമാനത്തിനെതിരെയാണ് പാക്കിസ്ഥാന്റെ പ്രതികരണം. കരാര്‍ വ്യവസ്ഥകള്‍ ഭാരതം ലംഘിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുമെന്നും സര്‍താജ് അസീസിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധ സമയത്ത് പോലും സിന്ധു നദീജല കരാറില്‍ നിന്നും ഇരു രാജ്യങ്ങളും പിന്നോട്ട് പോയിട്ടില്ലെന്ന് സര്‍താജ് അസീസ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള നദീജല കരാറുകള്‍ പുനഃപരിശോധിക്കുന്നതിനായി ചേര്‍ന്ന ഉന്നത തല യോഗത്തില്‍ രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
















