ന്യൂദല്‍ഹി: വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജലകരാര്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് സിന്ധു നദീജലക്കരാര്‍ അവലോകനം ചെയ്തത്.
കരാറില്‍ മാറ്റം വരുത്തുമെന്ന വ്യക്തമായ സൂചനയും മോദി നല്‍കി. കരാര്‍ പ്രകാരം, പാക് നിയന്ത്രണത്തിലുള്ള സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലം കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണമാണ് ഭാരതത്തിനുള്ളത്. സിന്ധുവിലെ 20 ശതമാനം ജലമാണ് കൃഷി, വൈദ്യുതി, ഗതാഗതം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഭാരതം ഉപയോഗിക്കുന്നത്. ഇതിന്റെ അളവ് ഉയര്‍ത്താനും പാക്കിസ്ഥാന് നല്‍കുന്ന ജലം കുറയ്‌ക്കാനുമാണ് ഭാരതം ലക്ഷ്യമിടുന്നത്. കരാറില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങില്ല. വന്‍കിട അണക്കെട്ടുകള്‍ പണിത് കൂടുതല്‍ ജലം ശേഖരിച്ച് ജമ്മു കശ്മീരില്‍ കൃഷി വ്യാപിപ്പിക്കുക ലക്ഷ്യം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. കരാര്‍ സംബന്ധിച്ച നിയമവശങ്ങളും പിന്‍വാങ്ങിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ചയായി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഭാരത-പാക് യുദ്ധങ്ങളെ അതിജീവിച്ച കരാറാണ് ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതം പുനഃപരിശോധിക്കുന്നത്. 1960ല്‍ അന്നത്തെ ഭാരത പ്രധാനമന്ത്രി നെഹ്‌റുവും പാക് പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനുമാണ് ലോക ബാങ്കിന്റെ സാന്നിധ്യത്തില്‍ കരാറൊപ്പിട്ടത്. ഇതിനിടെ കരാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
















