പ്രേംസുരുജി സ്വാമി
മുംബൈ: പ്രമുഖ ജൈന സന്യാസി പ്രേംസുരുജി സ്വാമിജിയുടെ (97) ചിത കൊളുത്താന്‍ കോടികളുടെ ലേലം. ചിതയെരിക്കാന്‍ 11,11,11,111 രൂപയ്‌ക്കാണ് ജൈന സമുദായത്തിലെ അഞ്ചുപേര്‍ ലേലമുറപ്പിച്ചത്. മൃതദേഹം വഹിക്കുന്ന ശവമഞ്ചം താങ്ങാന്‍ നാലുപേര്‍ നല്‍കിയത് 21 ലക്ഷം രൂപ വീതം. ശവമഞ്ചത്തിന്റെ നാലു കോണുകളിലായി വെള്ളം നിറച്ച വെള്ളി കലശങ്ങള്‍ വെയ്‌ക്കുന്നതിനും ഇതാണ് ലേലത്തുക.
ഒട്ടേറെ അനുയായികളുള്ള, ജൈനമതത്തിലെ തപഗച്ഛ വിഭാഗത്തിന്റെ ആചാര്യനായ സ്വാമിജി കഴിഞ്ഞ ഞായറാഴ്ചയാണ് ന്യുമോണിയയെ തുടര്‍ന്ന് മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ സമാധിയായത്. ഹഗ്‌സ് റോഡിലുള്ള ശ്മശാനത്തിലാണ് അദ്ദേഹത്തിന് ചിതയൊരുക്കിയത്. ഇതിനുപയോഗിച്ചത് 300 കിലോഗ്രാം ചന്ദനമുട്ടികള്‍.
വാല്‍കേശ്വറിലെ ബാബു പന്നേലാല്‍ ജൈനക്ഷേത്രത്തിലായിരുന്നു ലേലം. മതപരമായ കാര്യങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും ഈ തുക വിനിയോഗിക്കുക.
പ്രഗല്ഭരായ ജൈനസന്യാസിമാരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അംഗീകാരമായാണ് ജൈന സമുദായം കാണുന്നത്.
സന്യാസിമാരുടെ ശേഷക്രിയകള്‍ക്ക് ലേലത്തിലൂടെ പണം സമാഹരിക്കുന്ന പതിവുണ്ടെങ്കിലും ഇത്രയും ഭീമമായൊരു തുക ലഭിക്കുന്നത് ആദ്യം.
















