ബര്‍മുഡ ട്രയാങ്കിളില്‍ നിന്ന് അജിത് പകര്‍ത്തിയ കപ്പലിന്റെ ചിത്രം. ഇന്‍സെറ്റില്‍ അജിത്
ബെംഗളൂരൂ: ബെംഗളൂരുവിലെ വ്യത്യസ്തനായ ഫോട്ടോഗ്രാഫര്‍ അജിത് ലോകശ്രദ്ധയില്‍.
1862ല്‍ ബര്‍മുഡ ട്രയാങ്കിളില്‍ മുങ്ങിപ്പോയ അമേരിക്കയുടെ എക്കാലത്തെയും അഭിമാനമായ മേരി സെലസ്‌തെ അടക്കമുളള കപ്പലുകളും പകര്‍ത്തി മുപ്പത്തെട്ടുകാരനായ അജിത്.
മാര്‍ക്കറ്റിങ്ങില്‍ എംബിഎ ബിരുദം നേടിയ അജിത് ഫോട്ടോഗ്രഫിയിലുളള ഭ്രാന്ത് മൂലം ജോലി ഉപേക്ഷിച്ചു. 2007ല്‍ ഊട്ടിയിലെ ലൈറ്റ് ആന്‍ഡ് ലൈഫ് അക്കാഡമിയില്‍ നിന്ന് ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് തൊഴിലായി സ്വീകരിച്ചു.
ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങ്ങിന് പോയപ്പോഴാണ് വെള്ളത്തിനടിയിലെ ചിത്രം പകര്‍ത്തലില്‍ കമ്പം തോന്നിയത്. ഇതില്‍ പ്രത്യേക പരിശീലനം നേടാന്‍ തീരുമാനിച്ചു. ശ്രീലങ്കയിലെ പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ഡൈവിങ് ഇന്‍സ്ട്രക്ടേഴ്‌സില്‍ അതിനായി ചേര്‍ന്നു. ആഴക്കടലിലേക്ക് ഡൈവ് ചെയ്യാന്‍ പരിശീലനം നേടി. സാങ്കേതിക ഡൈവിങ്ങിലും റെക്ക് ഡൈവിങ്ങിലും വൈദഗ്‌ദ്ധ്യം നേടി.
പിന്നീടിങ്ങോട്ട് അജിതിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വളരെ അപൂര്‍വ്വമായ ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. രണ്ടാം ലോകയുദ്ധാവശിഷ്ടങ്ങളിലെ സമുദ്രജീവികള്‍ മുതല്‍ കപ്പല്‍ അവശിഷ്ടങ്ങള്‍, വിമാനാവശിഷ്ടങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപില്‍ നിന്ന് അടിത്തട്ടിലെ പല അപൂര്‍വ്വ ചിത്രങ്ങളും ഇദ്ദേഹം എടുത്തിട്ടുണ്ട്. അന്റാര്‍ട്ടിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ചിത്രമെടുത്തിട്ടുണ്ട്.
വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതും പലപ്പോഴും ജീവന് ഭീഷണിയാകുന്നതുമാണ് സമുദ്രത്തിനടിയിലെ ചിത്രമെടുപ്പെന്ന് അജിത് സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ 120 അടി ആഴത്തില്‍ ജീവന്‍മരണ പോരാട്ടം നടത്തിയ കഥകളും അദ്ദേഹം ഓര്‍ക്കുന്നു.
ശക്തമായ തിരകളും ഒഴുക്കും പലപ്പോഴും ധാരാളം കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകും. ഇതിന് പുറമെ സമുദ്ര ജീവികളുടെ ഭീഷണിയും ഉണ്ട്. തിമിംഗലങ്ങളും മറ്റും ജീവന് പലപ്പോഴും ഭീഷണിയാണ്- അജിത് പറയുന്നു.
















