അമ്പലപ്പുഴ: പുറക്കാട് എണ്ണയ്‌ക്കാട്ടുചിറ കോളനി റോഡിന്റെ നിര്‍മ്മാണത്തില്‍ വന്‍ വെട്ടിപ്പ്. പണി പൂര്‍ത്തീകരിക്കുംമുമ്പ് ഉദ്യോഗസ്ഥര്‍ കരാറുകാരന് ബില്ലു മാറി നല്‍കി. ഉദ്ഘാടനം നടത്താനാകാതെ സഖാക്കള്‍ വെട്ടിലായി. യുഡിഎഫ് ഭരണകാലത്താണ് അന്ന് എംഎല്‍എ ആയിരുന്ന ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരം ഡോ. ടി.എന്‍. സീമ എംപിയുടെ ഫണ്ടില്‍ നിന്നും 15ലക്ഷം രൂപ കോണ്‍ക്രീറ്റ് റോഡു നിര്‍മ്മാണത്തിന് അനുവദിച്ചത്.
ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെ താമസിക്കുന്ന എണ്ണയ്‌ക്കാട്ടു ചിറ കോളനി നിവാസികള്‍ക്ക് പ്രയോജനപ്പെടുവാനാണ് റോഡു നിര്‍മ്മാണം തുടങ്ങിയത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പണി തുടങ്ങി, ഈ വര്‍ഷം ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കിയതായി ശിലാഫലകവും സ്ഥാപിച്ചു. എന്നാല്‍ 750 മീറ്ററോളം നീളമുള്ള റോഡിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാകും മുമ്പ് കരാറുകാരന്‍ മുങ്ങുകയായിരുന്നു. റോഡിനു മുകള്‍ഭാഗം പൂര്‍ണ്ണമായും ഉറപ്പിക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്.
ഇതുമൂലം റോഡിലൂടെ യാത്രചെയ്യുന്ന വാഹനങ്ങളുടെ ടയറിന്റെ പാടുകള്‍ റോഡില്‍ ആഴത്തില്‍ പതിഞ്ഞത് അപകടം ക്ഷണിച്ചുവരുത്തുന്നു. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഏതു സമയത്തും അപകടമുണ്ടാകുമെന്ന അവസ്ഥയാണ്. പണി പൂര്‍ത്തിയായി ല്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കരാറുകാരന് ബില്ലു മാറി നല്‍കുകയായിരുന്നു.
ഇതോടെ സിപിഎം പ്രതിനിധീകരിക്കുന്ന വാര്‍ഡുകൂടിയായ ഇവിടെ റോഡിന്റെ ഉദ്ഘാടനം നടത്താനാവാതെ സഖാക്കളും വെട്ടിലായി. അഴിമതിക്കെതിരെ പ്രതികരിക്കുന്ന മന്ത്രി ജി. സുധാകരന്‍ റോഡു നിര്‍മ്മാണത്തിലെ അഴിമതിയെ ക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
















