ന്യൂയോര്‍ക്ക്: ഉറി ഭീകരാക്രമണത്തില്‍ ഭാരതം നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാന്‍ പാക്കിസ്ഥാന് യുഎസ് നിര്‍ദേശം. യുഎന്‍ രക്ഷാസമിതി യോഗത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് വിദേശ സെക്രട്ടറി ജോണ്‍ കെറിയാണ് നിര്‍ദേശം നല്‍കിയത്.
പാക് മണ്ണില്‍ നിന്ന് ഭീകരരെ തുരത്തണമെന്നും കെറി, ഷെരീഫിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ ഭാരതം അനാവശ്യ നിബന്ധനകള്‍ മുന്നോട്ടുവയ്‌ക്കുകയാണൈന്ന് ഷെരീഫ് പറഞ്ഞുവെന്നും വക്താവ് വിശദീകരിച്ചു.
യുഎസ് ഉപ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഭാരത വിദേശ സെക്രട്ടറി എസ്. ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അന്വേഷണത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി യുഎസ് കാത്തിരിക്കുകയാണെന്നും ബ്ലിങ്കെന്‍ പറഞ്ഞു.
















