1967 ല്‍ കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഒരു പ്രതിനിധിയാകാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്.
1964 ല്‍ അച്ഛന്റെ ഷഷ്ഠിപൂര്‍ത്തിക്കുശേഷം ജംഷഡ്പൂര്‍ എന്ന സ്റ്റീല്‍ നഗരിയിലേക്ക് ടാറ്റയില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠനുമൊത്ത് എത്തിയതാണ്. ആ സമയം ജംഷഡ്പൂര്‍ നഗര്‍ കാര്യവാഹ് ആയിട്ട് ബാലചന്ദ്രേന്‍ചേട്ടന്‍ (ബാലചന്ദ്രവാര്യര്‍) ഉണ്ടായിരുന്നു. ആലുവ ഭാഗത്ത് വിസ്താരക് ആയി പ്രവര്‍ത്തിച്ചിരുന്ന പീതേട്ടന്‍ (കെ.സി. പീതാംബരന്‍) അവിടെ ടെല്‍കോയില്‍ ജോലിനോക്കുകയും ടെല്‍കോ നഗര്‍ കാര്യവാഹ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രേരണയാലും എന്റെ സംഘ ബന്ധത്താലും ഞാന്‍ ടെല്‍കോ കോളനി ശാഖാ മുഖ്യശിക്ഷക്, കാര്യവാഹ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ആ പ്രവര്‍ത്തനത്തിനിടെ, ജംഷഡ്പൂരില്‍ ധാരാളം പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാന്‍ സാധിച്ചു. അങ്ങനെ ദത്താജി എന്ന ബംഗാളി കോണ്‍ട്രാക്ടര്‍ ജനസംഘത്തിന്റെ പ്രാന്തീയ ചുമതലയില്‍ വരികയും, 1967 ല്‍ ജംഷഡ്പൂരില്‍നിന്ന് എന്നെക്കൂടി കോഴിക്കോട് സമ്മേളനത്തില്‍ ബീഹാര്‍ പ്രതിനിധിയായി പങ്കെടുപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ (ബീഹാര്‍ സംസ്ഥാനത്തുള്ളവര്‍) അന്ന് കോഴിക്കോട് ഗുജറാത്തി സ്‌കൂളിലായിരുന്നു താമസിച്ചിരുന്നത്.
പണ്ഡിറ്റ് ദീനദയാല്‍ജി ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതായി ഈ സ്‌കൂളില്‍ എത്തി ക്യാമ്പ് അംഗങ്ങളോട് കുശലപ്രശ്‌നം നടത്തുകയുണ്ടായി. സമ്മേളനത്തില്‍ പ്രൊഫ. ബല്‍രാജ് മധോക് (അന്നത്തെ ജനസംഘം പ്രസിഡന്റ്) കേരള രീതിയില്‍ മുണ്ടുടുത്ത് സമ്മേളനത്തില്‍ വന്ന് മലയാളത്തില്‍ ”എന്റെ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ക്ക് എന്റെ വണക്കം” എന്നുപറഞ്ഞത് ഇന്നലെ എന്നോണം ഓര്‍ക്കുന്നു.
സമ്മേളനത്തിന്റെ ഘോഷയാത്രയില്‍ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍ ഇന്നും ഓര്‍മയില്‍ വരുന്നു. ”ഊപ്പര്‍ ദേഘോ ദീപക് ദീപക്, നീചെ ദേഘോ ദീപക് ദീപക്, കേരള്‍ സെ ഭി ആയി ആവാസ്, ജെല്‍ദി ബനാവോ ജന്‍സംഘ്‌രാജ്” (മുകളില്‍ നോക്കിയാലും താഴെ നോക്കിയാലും എങ്ങും ജനസംഘത്തിന്റെ ചിരാത് മാത്രം).
സമ്മേളന നഗരിയില്‍ ഏത് ഭാഗത്തിരുന്നാലും പുല്‍ത്തൈലത്തിന്റെ സുഗന്ധം കിട്ടുമായിരുന്നു. അതിനെക്കുറിച്ച് ഈയിടെ ഞാന്‍ പ്രിയ രാജേട്ടനോട് (ഒ.രാജഗോപാല്‍) പറഞ്ഞപ്പോള്‍ ടി.എം.വി.ഷേണായി ആയിരുന്നു അത് ഏര്‍പ്പാട് ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.
















