കോഴിക്കോട്: ഭാരതീയ ജനസംഘത്തിന്റെ 14 ാം ദേശീയസമ്മേളനത്തിന്റെ മുദ്രാവാക്യം സഫലമായ സന്തോഷത്തിലും അഭിമാനത്തിലുമാണ് ബിജെപി ദേശീയ കൗണ്‍സിലിന് നാളെ കോഴിക്കോട് കൊടിയേറുന്നത്. 1967ല്‍ കോഴിക്കോട് ജനസംഘ സമ്മേളനത്തിലെ മുദ്രാവാക്യങ്ങളും ഘോഷയാത്രയും ഏറെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിയിരുന്നു.
ദില്ലി ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കും എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. സ്ഥാനമൊഴിയുന്ന ദേശീയ അധ്യക്ഷന്‍ ബല്‍രാജ് മഥോക്ക് ദീപാശിഖാങ്കിത പതാക ഉയര്‍ത്തിയപ്പോള്‍ വിവിധ പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ജനസംഘം പ്രതിനിധികള്‍ മുഴക്കിയ മുദ്രാവാക്യങ്ങളുടെ മുഖ്യ ആശയം നാളെ ഭാരതത്തിന്റെ സാരഥ്യമേല്‍ക്കാന്‍ കഴിയുമെന്ന പ്രഖ്യാപനമായിരുന്നു.ദില്ലി മെട്രോപോളിറ്റന്‍ ഭരിച്ചിരുന്ന അന്നത്തെ ജനസംഘം ഇന്ന് ബിജെപിയായി വളര്‍ന്ന് ഭാരതത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. എല്‍.കെ. അദ്വാനിയായിരുന്നു അന്ന് മെട്രോപോളിറ്റന്‍ കൗണ്‍സില്‍ അധ്യക്ഷന്‍.
ജനസംഘം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് 1967 ഡിസംബര്‍ 29ന് നടന്ന ഘോഷയാത്ര കോഴിക്കോട് നഗരത്തിനു മാത്രമല്ല ദക്ഷിണഭാരതത്തിനാകെ പുതുമയായിരുന്നു. പതിനായിരങ്ങളാണ് പങ്കെടുത്തത്. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന് മുദ്രകുത്തപ്പെട്ട ജനസംഘം ദക്ഷിണഭാരതത്തില്‍ കാലുറപ്പിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു അത്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ഉത്തരേന്ത്യയില്‍ ഒഴുകുന്ന ഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്ക് ഒരു കുതിച്ചോട്ടം നടത്തുന്നപോലെ കാണപ്പെട്ടുവെന്നാണ് പത്രങ്ങള്‍ പ്രകീര്‍ത്തിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനത്തിലായിരുന്നു പ്രതിനിധികള്‍ ഘോഷയാത്രയില്‍.
വയനാട്ടിലെ ഗോത്രവര്‍ഗ സ്ത്രീകള്‍ മുതല്‍ ജമ്മുകശ്മീരില്‍ നിന്ന് വരെയുള്ള പ്രതിനിധികള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അലങ്കരിച്ച വാഹനത്തില്‍ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ. ചിന്താവളപ്പില്‍ നിന്നു പുറപ്പെട്ട് കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്റിലെ ശങ്കരാചാര്യ കവാടത്തിലൂടെ പാളയം ശ്യാമപ്രസാദ് മുഖര്‍ജി മാര്‍ഗിലൂടെ വലിയങ്ങാടി വഴിയാണ് മാനാഞ്ചിറയില്‍ ഘോഷയാത്ര സമാപിച്ചത്.
















