ന്യൂദൽഹി: അൻപതോളം ഭീകരർ പാക്കിസ്ഥാനിൽ നിന്നും അതിർത്തി വഴി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് ഏജൻസിയുടെ പുതിയ റിപ്പോർട്ടുകൾ. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭാരത-പാക് അതിർത്തി ഗ്രാമങ്ങളായ ഖത്തുവാ, അഖ്നൂർ പ്രദേശങ്ങളിൽ നിന്നും 200 കിലോമീറ്റർ അകലെ ഭീകരർ തമ്പടിച്ചിരിക്കുന്നതായിട്ടാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആക്രമണത്തിന് ഉത്തരവ് ലഭിച്ചാൽ ഇവർ ഭാരതത്തിലേക്ക് കടന്നു കയറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിൽ 10 ഭീകരരെ വധിക്കാനുമായി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
















