ലണ്ടന്‍: അധികസമയത്ത് സെസ്‌ക് ഫാബ്രിഗസ് നേടിയ ഗോളില്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ചെല്‍സി (4-2) ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുന്നോട്ട്. ലീഗ് കപ്പില്‍ തിളങ്ങുന്ന റെക്കോഡുള്ള ലിവര്‍പൂള്‍, ആഴ്ണല്‍ ടീമുകള്‍ക്കും തകര്‍പ്പന്‍ ജയം. തോല്‍വിയോടെ എവര്‍ട്ടണിനു മടക്കം.
17, 34 മിനിറ്റുകളില്‍ ജപ്പാന്‍ താരം ഷിന്‍ജി ഒകസാക്കി നേടിയ ഗോളില്‍ മുന്നിലെത്തിയ ലെസ്റ്ററിനെ രണ്ടാം പകുതിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ചെല്‍സി പിടിച്ചുകെട്ടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി കാഹിലിലൂടെ ഒരു ഗോള്‍ മടക്കിയ ചെല്‍സി, 49ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂട്ടയിലൂടെ ഒപ്പമെത്തി. ഇതോടെ, മത്സരം അധികസമയത്തേക്ക്. 92, 94 മിനിറ്റുകളിലാണ് ഫാബ്രിഗസ് ലക്ഷ്യം കണ്ടത്. 89ാം മിനിറ്റില്‍ ഡീഗൊ കോസ്റ്റയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി മടങ്ങിയ മാര്‍സിന്‍ വാസെലെവിച്ചിന്റെ അഭാവം അധിക സമയത്ത് ലെസ്റ്ററിനു തിരിച്ചടിയായി.
ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഡെര്‍ബി കൗണ്ടിയെ തകര്‍ത്തു. റാഗ്നര്‍ ക്ലാവന്‍, ഫിലിപ്പ് കുട്ടീഞ്ഞൊ, ദിവോക് ഒറിജി എന്നിവരുടെ ഗോളില്‍ ജയം. ആഴ്‌സണല്‍, നോട്ടിങ്ഹാം ഫോറസ്റ്റിനെ മുക്കി (4-0). ലൂക്കാസിന്റെ ഇരട്ട ഗോളും, ഗ്രനിത് സാക്ക, അലക്‌സ് ഒക്‌സ്‌ലെയ്ഡ് ചേംബര്‍ലെയ്ന്‍ എന്നിവരുടെ ഗോളുകളും ആഴ്‌സണല്‍ ജയത്തിന്റെ പ്രൗഢി.
നോര്‍വിച്ച് സിറ്റിയാണ് എവര്‍ട്ടണിന്റെ മോഹം തകര്‍ത്തത് (2-0).
















