ഭുവനേശ്വര്‍: ഒഡിഷയില്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാരന് വലതു കൈപ്പത്തി മുറിച്ച് നീക്കിയ തൊഴിലാളി മരിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് നിലംബര്‍ ദംഗ മാജിയുടെ കൈപ്പത്തി കരാറുകാരന് മുറിച്ചത്.
2013 ഡിസംബറിലാണ് കരാറുകാരനായ പര്‍വേഷ് ദുനിയുടെ ആക്രമണത്തില്‍ കാളഹന്ദി ജില്ലയില്‍ താമസിക്കുന്ന നിലംബറിന് കൈപ്പത്തി നഷ്ടമായത്. നിലംബറിനൊപ്പം ജോലി ചെയ്തിരുന്ന പത്ത് തൊഴിലാളികള്‍ കരാറുകാരനില്‍ നിന്നും മുന്‍കൂറായി വാങ്ങിയ 1.4 ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു.
നഷ്ടമായ തുക പര്‍വേഷ് നിലംബറിനോടും മറ്റൊരു തൊഴിലാളിയായ ദിയാലു നിയാലിനോടും ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ആന്ധ്രപ്രദേശിലേക്ക് യാത്ര പുറപ്പെടുവാനൊരുങ്ങിയ നിലംബറിനെയും നിയാലിനെയും പര്‍വേഷും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ച് രണ്ടാളുടേയും കൈപ്പത്തി വെട്ടിമാറ്റുകയുമായിരുന്നു.
തുടര്‍ന്ന് മൂന്നുവര്‍ഷത്തോളം ചികിത്സയിലായിരുന്ന നിലംബര്‍ കടുത്ത ദുരിതത്തിലായിരുന്നു. പണമില്ലാത്തതിനാല്‍ ചികിത്സയും മുടങ്ങി. കഴിഞ്ഞ ദിവസമുണ്ടായ പനി ദിഗംബറിന്റെ ജീവന് അപഹരിച്ചു.
















