ന്യൂദല്‍ഹി: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ ആഹ്വാനം തള്ളി കശ്മീര്‍ പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ആയിരക്കണക്കിന് യുവാക്കള്‍ സംബന്ധിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ) പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.
രണ്ട് മാസത്തിലേറെയായി സംഘര്‍ഷം രൂക്ഷമായുള്ള ദക്ഷിണ കശ്മീരില്‍ നിന്ന് അയ്യായിരത്തിലേറെ യുവാക്കളാണ് കായികക്ഷമതാ പരീക്ഷക്കെത്തിയത്. അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം യുവാക്കള്‍ പങ്കെടുത്തത്. സംഘര്‍ഷത്തിന് സുരക്ഷാസേനകളെയാണ് വിഘടനവാദികള്‍ കുറ്റപ്പെടുത്തുന്നത്. എന്നിട്ടും ഗിലാനിയുടെ ആഹ്വാനം തള്ളി യുവാക്കള്‍ കൂട്ടത്തോടെ പോലീസില്‍ ചേരാനെത്തിയത് വിഘടനവാദികള്‍ക്ക് കനത്ത തിരിച്ചടിയായി.
10,000 കശ്മീര്‍ യുവാക്കളെ പോലീസിലെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നീക്കം ഗൂഢാലോചനയെന്നാണ് ഗിലാനിയുടെ ആരോപണം. കീഴടങ്ങിയ തീവ്രവാദികളെയാണ് നേരത്തെ എസ്പിഒമാരായി നിയമിച്ചിരുന്നത്.
ഇഖ്‌വാന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്തിയിരുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്നതായാണ് വിഘടനവാദികളുടെ ആരോപണം.
ഇഖ്‌വാന്‍ സംസ്‌കാരം തിരിച്ചെത്തിക്കുന്നതിനാണ് ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റെന്ന് ഗിലാനി കുറ്റപ്പെടുത്തുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന 24000ത്തോളം എസ്പിഒമാരെ അടുത്തിടെയാണ് പോലീസില്‍ ഉള്‍പ്പെടുത്തിയത്.
















