ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ, കൊല്ലപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ആന്തരാവയവങ്ങളുടെ എഫ്ബിഐ രാസ പരിശോധനാ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് അടുത്താഴ്ച ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ദല്‍ഹി പോലിസ് സംഘം അമേരിക്കയിലാണ്.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ലാബിലാണ് ഒരുവര്‍ഷം മുമ്പ് പരിശോധനക്കയച്ചിരുന്നത്. 2014 ജനുവരി 17 നാണ് സുനന്ദയെ ദല്‍ഹി ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സാമ്പിള്‍ തിരികെ വാങ്ങാന്‍ ദല്‍ഹി പോലീസ് സംഘം അമേരിക്കയിലെത്തി. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം തേടുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്‌ക്ക് അയച്ച വസ്തുക്കള്‍ എഫ്ബിഐ ലാബില്‍ നിന്ന് തിരികെ വാങ്ങുന്നത് സാധാരണ നടപടിയാണ്.
പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ട്വിറ്ററില്‍ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു സുനന്ദ (51)യുടെ മരണം. മെഹറും തരൂരും തമ്മിലുണ്ടായ പ്രണയമായിരുന്നു തര്‍ക്ക കാരണം.
ദല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മെഡിക്കല്‍ ബോര്‍ഡ് സുനന്ദയുടെ മരണ കാരണം വിഷം ശരീരത്തില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. എഫ്ബിഐ ലാബിലെ പരിശോധനാ ഫലവും അതാണ്.
ദല്‍ഹി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ശശിതരൂര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. തരാറിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
















