മുംബൈ: മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് പ്രസാദ് അധ്യക്ഷനായി പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ദക്ഷിണമേഖലയുടെ പ്രതിനിധിയായാണ് എംഎസ്‌കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായത്. ഗഗന്‍ ഖോഡ, സരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരന്‍ജപെ എന്നിവരാണ് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍. ബിസിസിഐ സെക്രട്ടറിയായി അജയ് ശിര്‍ക്കെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയിലേക്കുള്ള ബോര്‍ഡ് പ്രതിനിധിയായി പ്രസിഡന്റ് അനുരാഗ് താക്കൂര്‍ തുടരും.
പുതുതായി എടുത്ത തീരുമാനങ്ങള്‍ ബിസിസിഐ ലോധാ കമ്മിറ്റിയെ അറിയിക്കും. ടെസ്റ്റ് കളിച്ച് പരിചയമില്ലാത്തവരെ സെലക്ടര്‍മാരാക്കരുതെന്ന ലോധാകമ്മിറ്റി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗഗന്‍ ഖോഡ, ജതിന്‍ പരന്‍ജപെ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ലോധാ കമ്മിറ്റി നിര്‍ദേശിച്ച മൂന്നംഗ പാനലിന് പകരം അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെയാണ് ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്.
പോയ വര്‍ഷത്തെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനം മാത്രമേ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ഉണ്ടാകാവൂ എന്ന് ബിസിസിഐയെ ലോധാ കമ്മിറ്റി അറിയിച്ചിരുന്നു. പുതുതായി നിയമനങ്ങളോ പരിഷ്കാരങ്ങളോ നടപ്പാക്കിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും ലോധാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഭരണരംഗത്തെ പുതിയ നിയമനങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുന്നത്.
















