ന്യൂദല്‍ഹി: അടുത്ത വര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് അവതരണം ഇല്ല. ഇനിമുതല്‍ റെയില്‍ ബജറ്റും ഉള്‍പ്പെടുത്തിയുള്ള പൊതുബജറ്റാകും പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം.
റെയില്‍വേയ്‌ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന നീതി ആയോഗിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്. റെയില്‍വേയ്‌ക്ക് മാത്രമായി പ്രത്യേക ബജറ്റ് ഗുണം ചെയ്യില്ലെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.
റെയില്‍വേയുടെ ദീര്‍ഘകാല താത്പര്യം കണക്കിലെടുക്കുമ്പോള്‍ റെയില്‍ ബജറ്റും ഉള്‍പ്പെടുത്തിയുള്ള പൊതു ബജറ്റാണ് അഭികാമ്യം എന്നാണ് റെയില്‍വേയുടെയും അഭിപ്രായം. 1924 മുതലാണ് പാര്‍ലമെന്റില്‍ റെയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ഇനിമുതല്‍ ഫെബ്രുവരിയിലെ അവസാന ദിവസം ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
റെയില്‍വേയുടെ റവന്യൂകമ്മിയും മൂലധന ചെലവും ഇനി മുതല്‍ ധനമന്ത്രാലയമായിരിക്കും സമര്‍പ്പിക്കുക.
















