മുംബൈ: ബച്ചന്റെ തലയ്ക്കുള്ളില്‍ ഒന്നുമില്ലെന്ന പ്രസ്കൗണ്‍സില്‍ മുന്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി അമിതാഭ് ബച്ചന്. ”ജസ്റ്റിസ് കട്ജു ശരിയാണ്. എന്റെ തലയ്ക്കുള്ളില്‍ ഒന്നുമില്ല”- അമിതാഭ് തുറന്നടിച്ചു.
രാജ്യത്ത് നടക്കുന്ന നല്ല കാര്യങ്ങളില്‍ നമുക്ക് പങ്കാളിയാകാം. ഞങ്ങള്‍ അലഹബാദില്‍, ഒരു സ്കൂളിലാണ് പഠിച്ചത്. പക്ഷെ വിരോധമൊന്നുമില്ല. അദ്ദേഹമൊരു ജഡ്ജിയാണ്. അദ്ദേഹത്തിന്റെ മുന്പില് കൈ കൂപ്പിയാണ് ഞാന്‍ നില്‍ക്കേണ്ടത്- ബച്ചന് പറഞ്ഞു.
ബച്ചന്റെ തലയ്ക്കുള്ളില്‍ ഒന്നുമില്ലെന്നും മാധ്യമപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തെ പുകഴ്ത്തുന്ന സാഹചര്യത്തില്‍ അവരുടെ തലയിലും എന്തെങ്കിലുമുണ്ടോയെന്ന് സംശയമുണ്ടെന്നും കട്ജു പറഞ്ഞിരുന്നു. ദേവാനന്ദ്, ഷമ്മി കപൂര്‍, രാജേഷ് ഖന്ന എന്നിവരുടേതു പോലെ അമിതാബിന്റെ ചിത്രങ്ങളും മയക്കുമരുന്നാണ്. അവ ജനങ്ങളെ മായിക ലോകത്തേക്ക് കൊണ്ടുപോകും.
നല്ല നടന് എന്നതിലുപരി ബച്ചനില്‍ എന്താണുള്ളത്. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എന്തെങ്കിലും ആശയങ്ങള്‍ അദ്ദേഹത്തിനുണ്ടോ? ഇല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന് ഉപദേശങ്ങള്‍ നല്‍കും. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതായി കാണിക്കും. പണമുണ്ടെങ്കില്‍ ആര്‍ക്കാണിതൊക്കെ ചെയ്യാന്‍ കഴിയാത്തതെന്നും കട്ജു ചോദിച്ചിരുന്നു.
















