ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പിന് ടീമുകളുടെ കളിതന്ത്രങ്ങളൊരുക്കുമ്പോള്‍, മുന്നില്‍ നില്‍ക്കാന്‍ ചില പ്രമുഖരുണ്ട്, മാര്‍ക്വീ താരങ്ങള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണിവരില്‍ പലരും.
ഡീഗോ ഫോര്‍ലാന്‍
മുംബൈ സിറ്റി എഫ്‌സി
2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ സ്വര്‍ണപന്തിന് അവകാശിയും ടോപ് സ്‌കോററുമായ ഉറുഗ്വെയുടെ ഡീഗോ ഫോര്‍ലാന്‍ ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ രണ്ട് സീസണുകളില്‍ കളിച്ചവരേക്കാള്‍ ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഫോര്‍ലാന്റെ ബൂട്ടുകളാണ് അന്ന് ഉറുഗ്വെയെ സെമിഫൈനലിലെത്തിച്ചത്. വലിയ വില നല്‍കിയാണ് മുംബൈ, ഫോര്‍ലാനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണുകളിലെ നിരാശജനകമായ പ്രകടനത്തില്‍ നിന്ന് മുക്തി തേടുന്നു ടീം.
ആരോണ്‍ ഹ്യൂഗ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ്
ആദ്യസീസണില്‍ രണ്ടാമതെത്തി കഴിഞ്ഞ തവണ അവസാന സ്ഥാനത്തായ ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ കൂടുതല്‍ കരുത്തോടെ തയാറെടുക്കുന്നു. അതിനായി വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂഗ്‌സിനെ മാര്‍ക്വീ താരമായി ടീമിലെത്തിച്ചു. പ്രതിരോധനിരയിലെ കരുത്തനില്‍ പ്രതീക്ഷയേറെ. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ് ഹ്യൂഗ്‌സ്. ജൂലൈയില്‍ സമാപിച്ച യൂറോ കപ്പിലും ഹ്യൂഗ്‌സ് ടീമിലുണ്ടായിരുന്നു. പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം ടീമുകള്‍ക്ക് കളിച്ചതിന്റെ അനുഭവസമ്പത്ത് വേറെയും.
ദിദിയര്‍ സകോറ
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും പുതിയ മാര്‍ക്വീ താരം. ഐവറികോസ്റ്റിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദിദിയര്‍ സകോറയാണ് ഈ സ്ഥാനത്ത്. കഴിഞ്ഞ തവണ പൂനെയ്‌ക്കായാണ് ഇദ്ദേഹം ബൂട്ടണിഞ്ഞത്. യൂറോപ്പില്‍ സെന്റ് എറ്റിനെ, ടോട്ടനം, സെവിയ ടീമുകള്‍ക്കു കളിച്ചു. ദേശീയ ടീമിനായി 123 മത്സരങ്ങളിലും ജേഴ്‌സി അണിഞ്ഞു.
ഇദര്‍ ഗുഡ്‌ജോണ്‍സണ്‍
പൂനെ സിറ്റി എഫ്‌സി
ചെല്‍സി, ബാഴ്‌സലോണ തുടങ്ങിയ വമ്പന്മാരുടെ നിരയിലുണ്ടായിരുന്ന ഐസ്‌ലന്‍ഡിന്റെ ഇദര്‍ ഗുഡ്‌ജോണ്‍സണ്‍ എത്തുന്നു പൂനെയെ മുന്നില്‍ നിന്നു നയിക്കാന്‍. അത്‌ലറ്റികോ കൊല്‍ക്കത്തയില്‍ നിന്നാണ് ഗുഡ്‌ജോണ്‍സണെ പൂനെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനായി കളിച്ച ഇദ്ദേഹം, 88 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടി.
ഫ്‌ളോറന്റ് മലൂദ
ദല്‍ഹി ഡൈനാമോസ്
കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന ഫ്രാന്‍സിന്റെ ഫ്‌ളോറന്റ് മലൂദയെ മാര്‍ക്വീ താരമായി ഉയര്‍ത്തിയാണ് ദല്‍ഹിയുടെ പടപ്പുറപ്പാട്. ചെല്‍സിയുടെയും ലിയോണിന്റെയും താരമായിരുന്ന മലൂദ, ഫ്രാഞ്ച് ജേഴ്‌സിയില്‍ 80 മത്സരങ്ങള്‍ കളിച്ചു. പരിശീലകനും മാര്‍ക്വീ താരവുമായിരുന്ന ബ്രസീലിയിന്‍ ഇതിഹാസം റോബര്‍ട്ടൊ കാര്‍ലോസിനു പകരമായാണ് മലൂദയെത്തുന്നത്.
ഹെല്‍ഡര്‍ പോസ്റ്റിഗ
അത്‌ലറ്റികോ ഡി കൊല്‍ക്കത്ത
പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗയെ നിലനിര്‍ത്തിയാണ്് ആദ്യ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത വരുന്നത്. ഒരു മത്സരം മാത്രം കളിച്ച് രണ്ട് ഗോള്‍ നേടിയ പോസ്റ്റിഗ, പിന്നീട് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. 77 തവണ പോര്‍ച്ചുഗല്‍ ദേശീയ ജേഴ്‌സിയണിഞ്ഞ താരം, ടോട്ടനം, പോര്‍ട്ടോ, വലന്‍സിയ, ലാസിയോ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് കളിച്ചു.
ലൂസിയോ
എഫ്‌സി ഗോവ
ലൂസിയോയെ വിശ്വാസമര്‍പ്പിച്ചാണ് ഇത്തവണയും ഗോവ എത്തുന്നത്. 105 മത്സരങ്ങളില്‍ ബ്രസീലിയന്‍ പ്രതിരോധം കാത്ത താരം 2002ലെ ലോകകപ്പ്, 2005, 2009 കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ലൂസിയോ ബൂട്ടണിഞ്ഞു.
ജോണ്‍ ആര്‍നെ റീസെ
ചെന്നൈയിന്‍ എഫ്‌സി
ദല്‍ഹിയുടെ താരമായിരുന്ന ജോണ്‍ ആര്‍നെ റീസെയാണ് ഇത്തവണ ചെന്നൈയിന്റെ മാര്‍ക്വീതാരം. എലാനോയുടെ പകരക്കാരന്‍. കഴിഞ്ഞ തവണ ദല്‍ഹിക്കായി 15 മത്സരങ്ങളില്‍ പ്രതിരോധം കാത്തു. ലിവര്‍പൂള്‍, മൊണാക്കോ, റോമ, ഫുള്‍ഹാം ക്ലബ്ബുകള്‍ക്കുകളിച്ചിട്ടുള്ള ഇദ്ദേഹം, നോര്‍വേക്കായി 110 തവണ ജേഴ്‌സിയണിഞ്ഞു. നോര്‍വീജിയന്‍ ക്ലബായ ആലേസണ്ട്‌സിന് വേണ്ടിയും അടുത്തിടെ കളത്തിലിറങ്ങി.
















