കാഞ്ഞങ്ങാട്: കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ടിപി റോഡ് ഇനി സൗരോര്‍ജത്തിന്റെ പാല്‍വെളിച്ചത്തില്‍ തിളങ്ങും. ഇതിനായി പാതയോരത്ത് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡ് പണി പൂര്‍ത്തീകരിച്ചിരിക്കുന്ന കാസര്‍കോട് മുതല്‍ ബേക്കല്‍ വരെയുള്ള സ്ഥലങ്ങളിലാണ് നിലവില്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ 150 ഓളം വിളക്കുകള്‍ കെഎസ്ടിപി പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ചു.
കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 340 സൗരോര്‍ജ വിളക്കുകളാണ് സ്ഥാപിക്കുന്നത്. ബജാജ്, ഫിലിപ്സ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളിലുള്ള കമ്പനികളുടെ 1300 വാട്ട് ശേഷിയുള്ള എല്‍ഇഡി ബള്‍ബുകളാണ് സൂര്യപ്രകാശം മങ്ങുമ്പോള്‍ തനിയെ കത്തുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ള വിളക്കുകളിലുള്ളത്. ഒന്നര ലക്ഷത്തോളം രൂപയാണ് ഒരു സൗരോര്‍ജ വിളക്ക് സ്ഥാപിക്കാനുള്ള ചിലവ്. നിലവില്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച എല്ലായിടത്തും വിളക്കുകള്‍ സ്ഥാപിക്കും. 2017ല്‍ കെഎസ്ടിപി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോഴേക്കും 340 സൗരോര്‍ജ വിളക്കുകളായിരിക്കും സ്ഥാപിക്കുക. സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നത് കൊണ്ട് ഒരേ സമയം വൈദ്യുതി ലാഭവും കുടാതെ പ്രകൃതി സൗഹൃദവുമായ വികസന പ്രവര്‍ത്തനത്തിനാണ് കെഎസ്ടിപി തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ റോഡ് പ്രവൃത്തി കഴിയുന്നതോടെ കെഎസ്ടിപി കരാറും അവസാനിക്കുമെന്നതിനാല്‍ തുടര്‍ന്ന് സൗരോര്‍ജ വിളക്കിന്റെ അറ്റകുറ്റപണികള്‍ ആര് നടത്തുമെന്നതില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ജില്ലയില്‍ പല ബസ്സ്റ്റോപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് സ്ഥാപിച്ച സൗരോര്‍ജ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താനാളില്ലാതെ ചത്തുകിടക്കുന്ന സ്ഥിതിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: