പത്തനംതിട്ട : ജില്ലാ ജനറല്‍ ആശുപത്രിയിലെ കേടായ ആംബുലന്‍സ് നന്നാക്കുവാനുള്ള നടപടികള്‍ വൈകുന്നു. കഴിഞ്ഞവര്‍ഷം അപകടത്തെതുടര്‍ന്നാണ് ആംബുലന്‍സ് ഉപയോഗയോഗ്യമല്ലാതായത്. ജനറല്‍ ആശുപത്രിക്ക് സ്വന്തമായി 4 ആംബുലന്‍സുകളാണുള്ളത്. ഇതില്‍ ഒരെണ്ണം ശബരിമലയിലെ സേവനത്തിനായി പമ്പയിലാണ്.മറ്റ് രണ്ട് എണ്ണം മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സ് പുതിയ പേ വാര്‍ഡിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ടാര്‍പോളിന്‍ മൂടിയ നിലയില്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. എന്ജിന്പണിയടക്കം ആവശ്യമുള്ളതിനാല്‍ ലക്ഷകണക്കിന് രൂപ ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ വേണം. എന്നാല്‍ ഇത്രയും ഭീമമായതുക ആംബുലന്‍സിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്ന ഫണ്ട്പോലും മാസങ്ങളായി ലഭ്യമാകുന്നില്ലെന്നാക്ഷേപവും ഉണ്ട്. നിലവില്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്കായി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. ട്രൈബല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ആംബുലന്‍സ് സര്‍വ്വീസുകളും ഫണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ഫെബ്രുവരി മുതല്‍ മുടങ്ങി കിടക്കുകയാണ്. ഇതിനും നിലവില്‍ എച്ച്.എം.സി ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അത്യാസന്നനിലയിലുള്ളരോഗികളെമെഡിക്കല്കോളേജ്ആശുപത്രിലേക്കടക്കം കൊണ്ടിപോകേണ്ടിവരുമ്പോള് സാധാരണക്കാരായ രോഗികള്‍ അമിതതുക നല്കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആംബുലന്‍സുകള്‍ക്ക് താല്‍ക്കാലിക ജീവനക്കാരായ ഡ്രൈവര്‍മാരാണുള്ളത്.സ്ഥിരം ജീവനക്കാരുടെ കുറവും ആംബുലന്‍സ് സര്‍വ്വീസുകളെ കാര്യമായ രീതിയില്‍ ബാധിക്കുന്നതായി ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: