റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന് തോല്‍വി. ഇന്റര്‍മിലാനാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജുവന്റസിനെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്റര്‍ വിജയം നേടിയത്. ആറ് വര്‍ഷത്തിനുശേഷമാണ് ഇന്റര്‍ ജുവന്റസിനെ തോല്‍പ്പിക്കുന്നത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 66-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ ലിച്ച്‌സ്‌റ്റൈനര്‍ ജുവന്റസിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം മൗറോ ഇക്കാര്‍ഡി ഇന്ററിന് സമനില നേടിക്കൊടുത്തു. പത്ത് മിനിറ്റിനുശേഷം ഇവാന്‍ പെരിസിച്ചും ജുവന്റസ് പ്രതിരോധം പൊളിച്ച് ലക്ഷ്യം കണ്ടതോടെ വിജയം ഇന്ററിന് സ്വന്തം.
കളി പരിക്കു സമയത്തേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ററിന്റെ എവര്‍ ബനേഗ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും സമനില നേടാന്‍ ജുവന്റസിന് കഴിഞ്ഞില്ല. പരാജയത്തോടെ ജുവന്റസ് നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി രണ്ടാമത്. 7 പോയിന്റുള്ള ഇന്റര്‍മിലാന്‍ ആറാം സ്ഥാനത്തേക്ക് കയറി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ റോമക്കും തിരിച്ചടി. ഫിയോറന്റീന ഏകപക്ഷീയമായ ഒരു ഗോളിന് അവരെ പരാജയപ്പെടുത്തി. 82-ാം മിനിറ്റില്‍ മിലന്‍ ബഡേജ് നേടിയ ഗോളാണ് ഫിയോറന്റീനക്ക് ജയം നേടിക്കൊടുത്തത്.
മറ്റു മത്സരങ്ങളില്‍ സാസ്സുലോ 2-0ന് ഗനോവയെയും കാഗ്ലിയാരി 3-0ന് അറ്റ്‌ലാന്റയെയും ചീവോ 2-1ന് ഉദിനെസയെയും പരാജയപ്പെടുത്തി. ക്രോടോണ്‍-പലേര്‍മോ കളി 1-1നും ടോറിനോ എംപോളി മത്സരം ഗോളടിക്കാതെയും സമനിലയില്‍ പിരിഞ്ഞു.
















