ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഭരണകൂടം ബലൂചിസ്ഥാനിൽ അതിക്രമങ്ങൾ നടത്തുന്നു എന്ന ഭാരതത്തിന്റെ വാദത്തെ ശരിവെയ്‌ക്കുന്ന റിപ്പോർട്ടുകളും ചിത്രങ്ങളുമായി പാക്കിസ്ഥാനിലെ പ്രാദേശിക പത്രം രംഗത്തെത്തി.
കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നും വെടിയുണ്ടകൾ ഏറ്റ് മരിച്ച ആയിരത്തോളം പേരുടെ മൃതദേഹങ്ങൽ കണ്ടെത്തി എന്ന കാര്യമാണ് പത്രം പുറത്ത് വിട്ടത്.
കണ്ടെത്തിയ മൃതദേഹങ്ങളിൽ 51 ശതമാനവും ബലൂച് വംശജരുടെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ 21 ശതമാനം പാഷ്തൂൺസിന്റെയും ബാക്കിയുള്ളവ പഞ്ചാബികളുടെയും അഫ്ഗാൻ അഭയാർത്ഥികളുടെയും മുസ്ലീം സമുദായത്തിൽ പെടാത്തവരുടെയുമാണ്.
ബലൂചിലെ നാഷണൽ ആക്ഷൻ പ്ലാൻ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ വിശദ വിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കിയത്. ബലൂചിസ്ഥാനിലെ വ്യത്യസ്ത ജില്ലകളിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൽ കണ്ടെടുത്തത്.
















