ചെന്നൈ: ഐടി ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ (24) ജയിലില്‍ ആത്മഹത്യ ചെയത സംഭവത്തില്‍ ആരോപണവുമായി അച്ഛന്‍ രംഗത്ത്. ജയിലിലെ പീഡനമാണ് മരണത്തിന് കാരണമെന്നും പോലീസുകാരുടെ ശാരീരിക ഉപദ്രവത്തെ തുടര്‍ന്നാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും രാം കുമാറിന്റെ അച്ഛന്‍ പരമശിവം ആരോപിച്ചു.
എന്റെ മകന്‍ ആത്മഹത്യ ചെയ്യില്ല, പോലീസ് അവനെ കൊന്നതാണ്. വളരെ ക്രൂരമായ കൊലപാതമാണിത്. ഇതായിരുന്നു അച്ഛന്‍ പരമശിവത്തിന്റെ പ്രതികരണം. മകന്‍ ആത്മഹത്യ ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല. അതിന് തക്ക കാരണങ്ങള്‍ ഒന്നുമില്ല. സ്വാതി കൊലപാതക കേസില്‍ പോലീസ് അവനെ കുരുക്കുകയായിരുന്നു. ഇത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തണമെന്നും പരമശിവം ആവശ്യപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ മകന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച് ജയിലില്‍ നിന്നും തങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നെന്നും ഒരു മണിക്കൂറിനകം മാധ്യമങ്ങളിലൂടെ മകന്‍ മരിച്ച വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞതെന്നും പരമശിവം പറഞ്ഞു.
ചെന്നൈയിലെ ടെക്നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന സ്വാതി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് രാംകുമാര്‍ കൊലപ്പെടുത്തിയത്. ജൂണ്‍ 24ന് രാവിലെ, നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്ന സ്വാതിയെ വെട്ടിക്കൊന്നത്. തിരുനെല്‍വേലി മീനാക്ഷിപുരത്തെ വീട്ടില്‍ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഇയാള്‍ കഴുത്തറത്തു ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
















