തോട്ടപ്പള്ളി: വനംവകുപ്പ് തോട്ടപ്പള്ളി കടല്‍ത്തീരത്ത് നട്ടുവളര്‍ത്തിയ കാറ്റാടി മരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ മുറിച്ചു കടത്തുന്നു. ദിനംപ്രതി നൂറുകണക്കിന് കാറ്റാടി മരങ്ങളാണ് ഇവിടെ മുറിച്ചു കടത്തുന്നത്. ഹരിതകേരളം ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതി പ്രകാരം 5.65 ഹെക്ടറിലായി 45,000 കാറ്റാടിത്തൈകളാണ് വനംവകുപ്പ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കാറ്റാടി മരങ്ങള്‍ വളര്‍ന്നതോടെ ഇതിനെ സംരക്ഷിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ ദിനംപ്രതി ആയിരക്കണക്കിന് കാറ്റാടി മരങ്ങളാണ് ഇവിടെ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിക്കുന്നത്. ഇവര്‍ ഈ വൃക്ഷങ്ങള്‍ വിലയ്‌ക്കു വില്‍ക്കുന്നതായും ആരോപണമുണ്ട്.
കാറ്റാടിമരങ്ങള്‍ കടലാക്രമണത്തെ ചെറുക്കുമെന്നറിഞ്ഞിട്ടും ഇതിനെ സംരക്ഷിക്കാന്‍ നാട്ടുകാരും തയ്യാറായിട്ടില്ല. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിധം വളര്‍ന്നു നില്‍ക്കുന്ന കാറ്റാടി പാടത്ത് സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നു സംഘങ്ങളും സുരക്ഷിത താവളമൊരുക്കിയാണ് വിഹരിക്കുന്നത്.
തോട്ടപ്പള്ളിയിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇതിനു സമീപത്താണെങ്കിലും നിയമപ്രശ്‌നങ്ങളാല്‍ അവരും തിരിഞ്ഞുനോക്കാറില്ല. വരും നാളുകളില്‍ ഇവിടെ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു















