തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ മിതമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി (off-shore trough) സ്ഥിതിചെയ്യുന്നു . തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്ര ന്യൂനമർദ്ദം (Depression)സ്ഥിതി ചെയ്യുന്നു.ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും കർണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതിനാൽ മൂന്നാറിലേക്കുള്ള അനാവശ്യ വിനോദ സഞ്ചാര യാത്രകൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ട കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും സ്ഥലം നിരന്തരം നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.















